കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാര്‍ശ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരും തലമുറയ്ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ കൂടുതല്‍ പഠിച്ച ശേഷം ഇതിനെ കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. നടി രഞ്ജിനി ഹര്‍ജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാത്തത്. നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19 -ാം തിയതി വരെ സര്‍ക്കാരിന് സമയമുണ്ട്. നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കി തന്നെയാണ് റിപ്പോര്‍ട്ട് പുറത്തു വിടുക. 233 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിടുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണറാണ് ഉത്തരവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു നിര്‍ദ്ദേശം. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി.
Post Your Comments