ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച് തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി പുഴയിലെ തെരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്ഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ ഉള്‍പ്പെടെ അറിയിച്ചത്.
Read Also: സബര്‍മതി എക്സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റി: അട്ടിമറിയെന്ന് സംശയം
ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിടാന്‍ തീരുമാനിച്ചത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും ചെലവ് എങ്ങനെ വഹിക്കും എന്നതില്‍ അവ്യക്ത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഉത്തര കന്നഡ ജില്ലാ കളക്ടര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്.
അതേസമയം, തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. 22ന് തിരച്ചിലിനായി ഡ്രജര്‍ എത്തിക്കുമെന്ന് ഉറപ്പാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. 21ന് വൈകിട്ടോടെ ഷിരൂരില്‍ എത്താമെന്ന് മഞ്ചേശ്വരം എംഎല്‍എ അഷറഫും പറഞ്ഞിട്ടുണ്ട്. തെരച്ചില്‍ പുനരാരംഭിക്കുമെന്ന ഉറപ്പില്‍ വിശ്വാസമുണ്ട്. ഡ്രഡ്ജര്‍ കൊണ്ടുവന്നു നടത്തുന്ന തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്നും ജിതിന്‍ പറഞ്ഞു.
ഷിരൂരില്‍ നിലവില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനി ഡ്രഡ്ജര്‍ എത്തിയില്‍ മാത്രമേ തെരച്ചില്‍ ഉണ്ടാകൂ എന്നാണ് ഇന്നലെ അധികൃതര്‍ അറിയിച്ചത്. ഡ്രഡ്ജര്‍ എത്താന്‍ ഇനി അഞ്ച് ദിവസം എടുക്കുമെന്നാണ് ഇന്നലെ കാര്‍വാര്‍ എംഎല്‍എ സതീശ് സെയില്‍ വ്യക്തമാക്കിയത്. വൃഷ്ടിപ്രദേശത്തിലെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വര്‍ധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴക്കട്ടിയില്‍ കാഴ്ച ഇല്ലാത്തതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടാണെന്ന് ഈശ്വര്‍ മല്‍പെയും വ്യക്തമാക്കിയിരുന്നു.
Post Your Comments