Independence DayLatest NewsIndia

78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ ഭാരതം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും: രാജ്യമെങ്ങും അതീവ ജാ​ഗ്രത

ന്യൂഡൽഹി: ഇന്ന് രാജ്യം 78 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ​ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഇന്നുരാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അങിസംബോധന ചെയ്ത് സംസാരിക്കും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആറായിരം പേരാണ് ഡൽ​​ഹിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളായി എത്തുന്നത്. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗക്കാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായുണ്ട്. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രമേയം.

വിവിധ സംസ്ഥാനങ്ങളിലെ പന്ത്രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും. കര നാവിക വ്യോമസേനകൾ, ഡൽഹി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും.

ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകുന്നത്. ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിക്കുന്നത് . കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലാണ് ഗാർഡ് ഓഫ് ഓണർ നൽകുക. കരസേനാ സംഘത്തെ മേജർ അർജുൻ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ ഗുലിയ ഭാവേഷ് എൻ.കെ., വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ അക്ഷര ഉനിയാൽ എന്നിവർ നയിക്കും. അഡിഷനൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിക്കുക. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന സമയത്ത് കര, നാവിക, വ്യോമ സേനകളിൽ നിന്നുള്ള ഓരോ ഓഫിസർമാരും 32 മറ്റ് റാങ്കുകാരും, ഡൽഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിക്കും.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തും. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ. പുഷ്പ വർഷത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ (കര, നാവിക, വ്യോമസേന) കേഡറ്റുമാർ ആഘോഷങ്ങളിൽ പങ്കെടുക്കും. 500 നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) വോളണ്ടിയർമാരും പങ്കെടുക്കും. കേരളത്തിൽനിന്ന് 30 ലധികം പ്രത്യേക ക്ഷണിതാക്കളും അവരുടെ കുടുംബങ്ങളും ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കും.

shortlink

Post Your Comments


Back to top button