കല്‍പ്പറ്റ: വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. രാവിലെ 10 മണിയോടെയാണ് സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെന്‍മേനി, അമ്പലവയല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.
Read Also: മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം: പൊലീസ് നായയെ എത്തിച്ച് പരിശോധന
അതേസമയം, ഭൂമികുലുക്കത്തിന്റേതായ സൂചനയില്ലെന്നും സോയില്‍ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഷംഷാദ് മരക്കാര്‍ പറഞ്ഞു.
നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാര്‍ പലരും കരുതിയത്. എന്നാല്‍ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയില്‍ കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ നാശനഷ്ടം ഉണ്ടായതായി വിവരം ഇതുവരെയില്ല. എല്ലാവര്‍ക്കും ഒരേപോലെ ഈ അനുഭവം നേരിട്ടതിനാല്‍ അമ്പലവയല്‍ എടക്കല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് സ്‌കൂളിലെ അധ്യാപകര്‍ അറിയിച്ചു. എടയ്ക്കല്‍ ഗുഹ ഉള്‍പ്പെടുന്ന മേഖലയിലാണ് ഈ അനുഭവം ഉണ്ടായത്. ബാണാസുര മലയോട് ചേര്‍ന്ന പ്രദേശത്തും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
അതേസമയം കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, മേല്‍മുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് ഇവിടെ നിന്നുള്ള നാട്ടുകാരും പറഞ്ഞു. അമ്പുകുത്തി മലയിലെ ചെരുവില്‍ 2020ല്‍ ഒരു മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇത് സോയില്‍ പൈപ്പിങാകാനുള്ള സാധ്യതയാണ് ജിയോളജി വിഭാഗം വിദഗ്ദ്ധര്‍ പറയുന്നത്.
ഭൂമിക്കടിയില്‍ ഒരു വലിയ ട്രക്ക് പോലും കയറാവുന്ന തരത്തില്‍ വലിയ ടണലുകള്‍ ഉണ്ടെന്ന് സംഭവത്തില്‍ ജിയോളജി വിദഗ്ദ്ധന്‍ ഡോ.കെഎസ് സജിന്‍ പ്രതികരിച്ചു. അതുവഴി മഴ സമയത്ത് വെള്ളം ഒഴുകിപ്പോകും. വലിയ ശബ്ദത്തോടെയാണ് വെള്ളം ഒഴുകുക. എന്നാല്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments