KeralaLatest NewsNews

വയനാട് ദുരന്തം: തിരച്ചിലിന് 40 ടീമുകള്‍, നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക്

മുണ്ടക്കൈ: വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ 6 സോണുകളിലായി തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തേതും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

Read Also: ‘അത്തരത്തിലൊരു നയം സർക്കാരിനില്ല’; ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിന്‍വലിക്കും

സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചില്‍ തുടങ്ങും. 40 കിലോമീറ്ററില്‍, ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും തിരച്ചില്‍ നടത്തും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും. കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് തിരയും.

ആംബുലന്‍സുകളെ ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍നിന്നു ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തും. നിലവില്‍ 6 നായകളാണ് തിരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നു നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് എത്തും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button