
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്‍. എറണാകുളം ജില്ലയിലെ കാളിയാര്‍ (കലംപുര്‍ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍) , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (പെരുവമ്പടം സ്റ്റേഷന്‍), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷന്‍) എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും അറിയിച്ചു.
ചാലക്കുടിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചാലക്കുടി പുഴയില്‍ ഒന്നര മീറ്റര്‍ കൂടി ജലനിരപ്പ് ഉയരും. പൊരിങ്ങല്‍ക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാല്‍വ് കൂടി തുറന്നതോടെ അപകടകരമായ ജലനിരപ്പില്‍ എത്തി. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റര്‍ ആയി ഉയര്‍ന്നു. അതിരപ്പിള്ളി, പരിയാരം, മേലൂര്‍ , കാടുക്കുറ്റി, അന്നമനട , കൂടൂര്‍ , എറിയാട് പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.
Post Your Comments