Latest NewsKerala

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. തേജു സുനില്‍ എം കെ, തേജു ലക്ഷ്മി ടി കെ, അമല്‍ രാജ് ആര്‍ പി, അഭിഷേക് എസ് സന്തോഷ് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

അന്വേഷണ കമ്മീഷന് മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്.

കോളേജില്‍ എസ്എഫ്ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു. പുറത്ത് നിന്ന് എസ്എഫ്ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദ്ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ ആരോപണം.

പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും ചികിത്സതേടിയിരുന്നു. അഭിനവിന്റെ ചെവിയുടെ കര്‍ണപടത്തിനാണ് പരിക്ക്. ഇരുകൂട്ടരുടെയും പരാതിയില്‍ പ്രിന്‍സിപ്പലിന് എതിരെയും, കണ്ടാല്‍ അറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button