KeralaEntertainment

‘ആർഡിഎക്സ്’ സംവിധായകനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കള്‍ കോടതിയിൽ

ഷെയ്ൻ നിഗം ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചത്.
നഹാസ് കരാർ ലംഘിച്ചുവെന്നാണ് ഹർജിയിൽ കമ്പനി പറയുന്നത്. ആർഡിഎക്സ് സിനിമ സംവിധാനം ചെയ്യാനായി നഹാസിന് 15 ലക്ഷം രൂപയാണ് കമ്പനി നൽകിയത്.

നഹാസിന്റെ രണ്ടാമത്തെ സിനിമയും ഇതേ നിർമാണ കമ്പനിക്ക് വേണ്ടിയാകണമെന്ന ഉപാധിയും കരാറിൽ പറയുന്നുണ്ടെന്നും ഈ കരാർ ലംഘിച്ചുവെന്നും നിർമാതാക്കൾ പറയുന്നു.കരാർ പ്രകാരം 15 ലക്ഷം രൂപ നഹാസിന് നൽകി. ചിത്രം റിലീസ് ആയതിന് ശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാൻസായി 40 ലക്ഷം രൂപയും പ്രി-പ്രൊഡക്ഷൻ ജോലികൾക്കായി 4,82,000 രൂപയും നഹാസിന് നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

എന്നാൽ, പുതിയ പ്രോജക്ടില്‍ നിന്നും താൻ പിൻമാറുകയാണെന്ന് പിന്നീട് നഹാസ് അറിയിച്ചുവെന്നാണ് നിർമാതാക്കൾ ആരോപിക്കുന്നത്. നഹാസിനോട് പല തവണ സിനിമയിൽ തുടരാൻ കമ്പനി ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ ഇതിനോടകം കൈപ്പറ്റിയ തുകയും കൂടാതെ 50 ലക്ഷവും നഹാസ് നൽകണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെട്ടത്.18% പലിശയടക്കം ഒരുകോടിലേറെ രൂപ തിരികെ നൽകണമെന്നാണ് ഹർജിയിൽ പറയുന്നു.

നേരത്തേ ആര്‍ഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്നിരുന്നു. വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ്‌ പൊലീസിൽ പരാതി നൽകിയത്.സിനിമക്കായി ആറുകോടി രൂപ നൽകിയെന്നും. ലാഭത്തിന്റ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണമൊന്നും നൽകിയില്ല എന്നുമാായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ആർഡിഎക്സ് . ബാബു ആന്‍റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.2023 ഓഗസ്റ്റ് 25 നായിരുന്നു സിനിമ റിലീസ് ചെയ്തത്. ഓണക്കാലത്ത് ഇറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നു.

 

 

shortlink

Post Your Comments


Back to top button