കൊച്ചി: ഒരു കിലോ എം.ഡി.എം.എ യുമായി യുവതിയെ പിടികൂടിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) അറസ്റ്റിലായ സംഭവത്തിലാണ് നടപടി. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവർക്കെതിരായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആലുവ പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജൂണിലാണ് മംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തറിനെ ആലുവ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പിടിയിലായത്. ഒരു കിലോ എം.ഡി.എം.എയും ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. വാട്ടർ ഹീറ്ററിൽ ഡൽഹിയിൽ നിന്ന് ട്രയ്‌നിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി.
സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ (35) നെയും പോലീസ് പിടികൂടിയിരുന്നു. യുവതിയുമായി ബന്ധമുള്ളയാളാണ് ഇയാൾ. അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments