ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അര്‍ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ കര്‍ണാടകയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവം നടന്നതിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെയാണ് കര്‍ണാടക മുഖ്യമന്ത്രി തള്ളിയത്.
Read Also: അര്‍ജുന്‍ രക്ഷാദൗത്യം പ്രതീക്ഷ മങ്ങി, മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കര്‍ണാടക
അപകടം സംഭവിച്ച ആദ്യഘട്ടത്തില്‍ രക്ഷാദൗത്യം ആരംഭിക്കാന്‍ കാലതാമസമുണ്ടായത് കാര്യങ്ങളെ വീണ്ടും സങ്കീര്‍ണമാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ മാത്രമാണ് കുറ്റക്കാരനെന്നും കര്‍ണാടകയുടെ ഭാഗത്ത് നിന്ന് പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ വാദിച്ചു.
‘യാതൊരു തരത്തിലുള്ള കാലതാമസവും വരുത്തിയിട്ടില്ല. എസ്ഡിആര്‍എഫും, അഗ്‌നിരക്ഷാസേനയും പൊലീസും ആദ്യഘട്ടം മുതല്‍ രക്ഷാദൗത്യത്തിന്റെ ഭാഗമാണ്. വലിയ രീതിയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണത്. രക്ഷാദൗത്യം അതീവ ദുഷ്‌കരമാണ്. മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ജീവന്‍ പണയം വച്ചാണ് സേനാംഗങ്ങള്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ദൗത്യം മന്ദഗതിയിലായതിന് ഒരേയൊരു കാരണം മഴയാണ്’, സിദ്ധരാമയ്യ അവകാശപ്പെട്ടു.
മണ്ണിനടിയില്‍ അര്‍ജുന്‍ സഞ്ചരിച്ച ലോറിയില്ലെന്നാണ് കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിക്കുന്നത്. മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇനി മണ്ണ് നീക്കം ചെയ്യില്ലെന്നും റവന്യൂ മന്ത്രി അറിയിച്ചു.
Post Your Comments