ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കായി ഗംഗാവലി പുഴയിലെ തെരച്ചില്‍ തുടങ്ങി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറി. പുഴയില്‍ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. ഇപ്പോള്‍ വീണ്ടും നാവികസേന പുഴയില്‍ ഇറങ്ങിയിട്ടുണ്ട്. ഈശ്വര്‍ മല്‍പേയും തെരച്ചിലിനിറങ്ങി. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച ഡ്രെഡ്ജര്‍ എത്തുന്ന വരെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരും.
Read Also: ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ വയനാട് കളക്ഷന്‍ സെന്ററിലേയ്ക്ക് എത്തി
അര്‍ജുന്റെ ലോറിയുടെ കയര്‍ കണ്ടെത്തിയ മരക്കുറ്റി നീക്കം ചെയ്യുകയാണ് ആദ്യശ്രമം. വൈകുന്നേരം വരെ തെരച്ചില്‍ തുടരും. 11മണിയോടെ ക്രെയിന്‍ എത്തും. പുഴയുടെ അടിയില്‍ കിടക്കുന്ന മരക്കുറ്റിയില്‍ കൊളുത്തി വലിച്ച് പുറത്തെത്തിക്കാനാണ് ശ്രമമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. മണ്ണിടിച്ചില്‍ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ പറഞ്ഞു.
Post Your Comments