കാഞ്ഞങ്ങാട്: വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ് കുമാറി(51)നെയാണ് സംഭവത്തിൽ കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ എച്ച്.കിരൺകുമാർ വിഷം ഉള്ളിൽച്ചെന്ന് മംഗളൂരു ആസ്പത്രിയിൽ ചികിത്സയിലാണ്.
അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗമാണ് കിരൺകുമാർ. വനംവകുപ്പ് കേസെടുത്തതറിഞ്ഞ ഉടൻ ഇദ്ദേഹം വിഷം കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. അവശനിലയിലായ കിരൺകുമാറിനെ ആദ്യം പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലേക്കും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി.
കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിലാണ് കഴിഞ്ഞദിവസം വാഹനമിടിച്ച് ചത്തനിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. ഇതിനെ കുഴിച്ചിടാൻ ബന്ധപ്പെട്ടവർ കിരൺകുമാറിനോട് അഭ്യർഥിച്ചു.
മുള്ളൻപന്നിയുടെ ജഡം ചാക്കിൽകെട്ടി കിരൺകുമാർ പോയത് ചുള്ളിക്കരയിലെ സുഹൃത്ത് ഹരീഷ്കുമാറിനടുത്തേക്കാണ്. കുഴിയെടുത്ത് അതിൽ മുള്ളൻപന്നിയെ ഇട്ട് ഫോട്ടോയെടുത്തശേഷം അതിനെ തിരികെയെടുക്കുകയും പാചകംചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് വീണ്ടും കുഴിയിലെടുത്തിട്ട് മൂടി. വനം ഉദ്യോഗസ്ഥരെത്തി മണ്ണ് നീക്കി മുള്ളൻപന്നിയുടെ ജഡം പുറത്തെടുത്തു. ചൂടുവെള്ളം ഒഴിച്ച് മുള്ള് കളഞ്ഞ നിലയിലായിരുന്നു അത്. തുടർന്ന് ഇരുവർക്കുമെതിരെ കേസെടുത്തു. അറസ്റ്റിലായ ഹരീഷ്കുമാറിനെ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തു.
Post Your Comments