ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിഞ്ഞ് കാണാതായ മലയാളി അര്‍ജുനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്താന്‍ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയില്‍ നിന്നുളള നാല്‍പതംഗ സംഘമാണ് ഷിരൂരില്‍ എത്തിയത്.
Read Also: അഞ്ചുലക്ഷം രൂപയുടെ ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ
മൂന്ന് ട്രക്കുകളിലായിട്ടാണ് സൈനിക സംഘം ഷിരൂരിലേക്ക് എത്തിയിരിക്കുന്നത്. ഇത്തരം രക്ഷാപ്രവര്‍ത്തനത്തില്‍ വിദഗ്ധരായവരും സംഘത്തിലുണ്ടെന്നാണ് സൂചന. ഇന്നലെ പ്രദേശത്തിന്റെ സ്‌കെച്ചും അപകട വിവരങ്ങളും റഡാര്‍ സിഗ്‌നലുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അധികൃതര്‍ സൈന്യത്തിന് കൈമാറിയിരുന്നു. വൈകാതെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.
തടിയുമായി കേരളത്തിലേക്ക് വന്ന ലോറിയുടെ ഡ്രൈവറായിരുന്നു കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍. രാത്രിയില്‍ ദേശീയപാതയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുമ്പോള്‍ വലിയ തോതില്‍ കുന്നിടിഞ്ഞ് മണ്ണിടിച്ചിലില്‍ അകപ്പെടുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടിയതിനെ തുടര്‍ന്നാണ് സൈന്യത്തെ വിളിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.
അര്‍ജുനെ കാണാതായിട്ട് ആറാം ദിവസമാണിന്ന്. കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സൈന്യത്തെ രംഗത്തിറക്കാന്‍ വൈകിയത്. കഴിഞ്ഞ ദിവസം സൈന്യത്തെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും വീട്ടുകാര്‍ ഇ മെയില്‍ അയച്ചിരുന്നു.
Post Your Comments