തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ ശരത്, ജിജോ എന്നിവരാണ് അമരവിള ചെക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായത്. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് ഇരുവരും രേഖകളില്ലാത്ത 2.250 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ആഭരണങ്ങളാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ബസിലാകുമ്പോൾ പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് യുവാക്കൾ ഈ മാതൃക സ്വീകരിച്ചത്. ഇവരുടെ പക്കൽ നിന്ന് പിടികൂടിയ സ്വർണത്തിന് മതിയായ രേഖകൾ ഇല്ലായിരുന്നു. പ്രതികളെ പിന്നീട് ആഭരണങ്ങൾ സഹിതം ജിഎസ്ടി വകുപ്പിന് കൈമാറുകയായിരുന്നു.
പ്രതികൾക്ക് ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡി.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എസ്.എസ്, അരുൺ സേവ്യർ, ലാൽകൃഷ്ണ എന്നിവരും പരിശോധന നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു
Post Your Comments