KeralaLatest NewsNews

ജോയി ഇനി ഒരിക്കലും മടങ്ങിവരില്ല, നെഞ്ചുപൊട്ടി നിലവിളിച്ച് അമ്മയും സഹോദരിയും

തിരുവനന്തപുരം: അമ്മയുടെ കാത്തിരിപ്പ് വിഫലമായി. ജോയി ഇനി മടങ്ങിവരില്ല. തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് കണ്ടെത്തിയത്. മകന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച്, ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു അമ്മ മെല്‍ഹി. ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ഈ അമ്മ. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും പ്രതീക്ഷിച്ചാണ് അമ്മ കാത്തിരുന്നത്.

Read Also: ഒന്നര ദിവസമായി കാണാതായ ആളെ കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ

മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നും ജോലിക്കായി ഇറങ്ങിപ്പോയതാണ് ജോയി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആര് വിളിച്ചാലും പോകും ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വില്‍ക്കും. തീര്‍ത്തും ദരിദ്രമായ ജീവിതസാഹചര്യത്തില്‍ കൂടി കടന്നുപോകുന്ന ഈ കുടുംബത്തിന് വാസയോഗ്യമായ വീടില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാല്‍ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഈ കുടുംബത്തിന്റെയൊന്നാകെ കാത്തിരിപ്പ് വിഫലമാക്കി കൊണ്ടാണ് ജോയിയുടെ ദാരുണാന്ത്യം.

യാതൊരു വിധത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളെ കരയ്ക്ക് നിര്‍ത്തിയാണ് ജോയി തോട്ടിലിറങ്ങിയത്. പെട്ടെന്ന് വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടര്‍ന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. ഇന്നലെ സ്‌കൂബാ ടീമും എന്‍ഡിആര്‍എഫും നടത്തിയ തെരച്ചിലില്‍ ജോയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് കൊച്ചിയില്‍ നിന്നും എത്തിയ നാവിക സേന സംഘാംഗങ്ങളും തെരച്ചിലില്‍ പങ്കാളികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button