ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രചാരണറാലിക്കിടെ വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
‘എന്റെ സുഹൃത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട്.’ മോദി എക്‌സിൽ കുറിച്ചു.
പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ട്രംപിന് വെടിയേറ്റത് . വലത് ചെവിക്കാണ് വെടിയേറ്റത്.പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.
യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വെടിവെച്ചത്.
Post Your Comments