ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷമാണ്. ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട് ചെയ്യാവുന്ന യോഗ മുറകളുണ്ട്. ശരിയാം വിധം ഇവ ചെയ്താല്‍ മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാം. ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് ശരീരത്തിലെ പവര്‍ പോയിന്റുകളെ ഉദ്ദീപിപ്പിച്ച് ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് പ്രാണായാമം. ശ്വാസ നിയന്ത്രണ പ്രക്രിയയയായ പ്രാണായാമവും യോഗാഭ്യാസവും ഒത്തൊരുമിച്ച് ചെയ്താല്‍ അഭ്യാസങ്ങളുടെ പൂര്‍ണ ഫലം സിദ്ധിക്കുമെന്നാണ് ആചാര്യമതം.
സാധാരണ ഗതിയില്‍, പദ്മാസനത്തിലോ അര്‍ദ്ധ പദ്മാസനത്തിലോ ഇരുന്നാണ് പ്രാണായാമം ചെയ്യുന്നത്.ഇരിക്കുന്നത് കസേരയിലോ, സോഫയിലോ, നിലത്തോ ആയിക്കോട്ടെ. വെറും നിലത്ത് ശരീര ഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ഇടവരാതെ നോക്കണം. കസേരയില്‍ ഇരുന്നാണ് ചെയ്യുന്നതെങ്കില്‍ തറയില്‍ മാറ്റ് വിരിച്ച് അതില്‍ കാല്‍ വെയ്ക്കുക. സോക്‌സ് ധരിച്ചാലും മതിയാകും. നടുവ് നിവര്‍ത്തി, തല നേരേ പിടിച്ച് ഇരിക്കുക. വയര്‍ ഒട്ടിച്ചു പിടിക്കുക. അപ്പോള്‍ ശ്വാസകോശം വികസിക്കും കൂടുതല്‍ വായു ചംക്രമണം ഉണ്ടാകുകയും ചെയ്യും.ആകെ നാല് ഘട്ടങ്ങളാണ് പ്രാണായാമത്തിലുള്ളത്.
ആദ്യ ഘട്ടത്തില്‍, മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത് ഉദരം നിറച്ച് വികസിപ്പിക്കുക. പിന്നീട്, പതുക്കെ ശ്വാസം പുറത്തേക്ക് വിടാം. രണ്ടാമത്തെ ഘട്ടത്തില്‍ ശ്വാസകോശത്തിലേക്ക് ആകാവുന്നത്ര വായു നിറച്ച് വാരിയെല്ലിന്‍റെ ഭാഗം വികസിപ്പിക്കുക. ഈ സമയം വാരിയെല്ലുകള്‍ മുന്നോട്ട് തള്ളുന്നത് അനുഭവിച്ചറിയാന്‍ കഴിയും. പിന്നീട്, ശ്വാസം പതുക്കെ പുറത്തേക്ക് വിടുക.മൂന്നാമത്തെ ഘട്ടത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുത്ത് തോളിന്‍റെ ഭാഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നാലാമത്തെ ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് പ്രക്രിയകളും ഒരുമിച്ച് ചെയ്യണം.
പ്രാണായാമം ചെയ്യുന്നതിലൂടെ മനസ്, ബുദ്ധി എന്നിവയ്ക്ക് തെളിച്ചവും നിയന്ത്രണവും ലഭിക്കും. കൂടാതെ മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്‍കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.അനാവശ്യ ചിന്തകളെയും വികാരങ്ങളെയും അകറ്റുന്നു രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു,മനഃസംഘര്‍ഷം അകറ്റുന്നു. രോഗബാധിതരല്ലാത്ത എല്ലാ ആളുകൾക്കും പ്രാണായാമം ചെയ്യാം. പ്രാണായാമം പ്രഭാത വേളകളിൽ ചെയ്യുന്നതാണ് നല്ലത്.
Post Your Comments