India

‘നടന്നത് വലിയ ഗൂഢാലോചന,16 പേര്‍ വിഷം സ്പ്രേ ചെയ്തു, സ്ത്രീകള്‍ മരിച്ചുവീണു’- ഹാഥ്‌റസിലെ സംഭവത്തിൽ ഭോലെബാബയുടെ അഭിഭാഷകൻ

ലഖ്നൗ: ഉത്തർ പ്രദേശിലെ ഹാഥ്റസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകൻ.

15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചെന്നുമാണ് അഭിഭാഷകന്റെ ആരോപണം. തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവർ സ്ഥലം വിട്ടുവെന്നും അഭിഭാഷകൻ എ.പി. സിങ് ആരോപിച്ചു.

ഹാഥ്റാസില്‍ നടന്ന സംഭവം ഹൃദയഭേദകമാണ്. 15-16 പേരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. പരിപാടിക്ക് നേരത്തെ തന്നെ അനുവാദം വാങ്ങിയതാണ്. പ്രദേശത്തിന്റെ മാപ്പും അനുമതിക്കൊപ്പം നല്‍കിയതാണെന്നും അഭിഭാഷകൻ പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദകരമായ രീതിയില്‍ ചില വാഹനങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ അഭിഭാഷകൻ 10-12 പേർ വിഷം സ്പ്രേ ചെയ്യുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും കൂട്ടിച്ചേർത്തു.

സി.സി.ടി.വി. അടക്കം കണ്ടെത്തണമെന്നും വാഹനങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷവാതകം ശ്വസിച്ച്‌ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് മരിച്ചു വീഴുന്ന പല സ്ത്രീകളേയും തങ്ങള്‍ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ പി.ടി.ഐയോട് പറഞ്ഞു.

ഭോലെ ബാബയുടെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. 80,000 ആളുകളെ ഉള്‍ക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പ്രാഥമികാന്വേഷണത്തിലെ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button