തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി അടിത്തറ വോട്ടുകള്‍ ഒലിച്ചു പോയെന്ന് സിപിഎം വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് വിലയിരുത്തലുള്ളത്. വെറുമൊരു തെരഞ്ഞെടുപ്പ് തോല്‍വിയല്ല ഉണ്ടായതെന്നും അടിത്തറ വോട്ടുകള്‍ കുത്തിയൊലിച്ച് പോയെന്നുമാണ് വിലയിരുത്തല്‍.
ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും പാര്‍ട്ടി വോട്ടുകള്‍ ഒഴുകി സംഘപരിവാറിലെത്തി. ബൂത്ത് ഏജന്റ്മാര്‍ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും ബിജെപി യ്ക്ക് വോട്ട് വര്‍ദ്ധിച്ചു. ബിജെപിയുടെ പ്രവര്‍ത്തനം കൊണ്ട് അല്ലാതെ തന്നെ പാര്‍ട്ടി വോട്ടുകള്‍ സംഘപരിവാറിലേക്ക് ചോര്‍ന്നുവെന്നുമാണ് വിലയിരുത്തല്‍. ബിജെപിയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശം.
തിരിച്ചടിയുടെ ആഴം മനസ്സിലാക്കിയാണ് ജില്ലാ ഘടകങ്ങളിലെ പതിവ് റിപ്പോര്‍ട്ടിങ്ങുകള്‍ക്ക് പുറമേ, മേഖലാ യോഗങ്ങള്‍ ചേരുന്നത്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ശൈലി വരെയുള്ള വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കും. താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും തിരുത്തല്‍ പ്രക്രിയ നിശ്ചയിക്കുക.
Post Your Comments