തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം.തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. മേയറെ മാറ്റണമെന്നും ചില പ്രതിനിധികള്‍ പരോക്ഷമായി സൂചിപ്പിച്ചെന്നാണ് വിവരം.
Read Also: സുരേഷ് ഗോപിയെ കുറിച്ചുള്ള ഷമ്മി തിലകന്റെ വാക്കുകള്‍ വൈറലാകുന്നു
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കെ ആര്യയെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായവും ചില നേതാക്കള്‍ ഉയര്‍ത്തി. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന വിലയിരുത്തലുമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം. നേതൃത്വം തിരുത്തും മുന്‍പ് മേയറും തിരുവനന്തപുരത്തെ പാര്‍ട്ടിയും തിരുത്തേണ്ടി വരും.
മേയറുടെ പരിചയക്കുറവ് നഗരഭരണത്തില്‍ തിരിച്ചടിയായെന്നും വിമര്‍ശനം വന്നു. കാര്‍ കുറുകെയിട്ട് മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതില്‍ ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.
അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിന്‍ദേവ് എം.എല്‍.എയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും നേതാക്കള്‍ മുന്നോട്ടുവച്ച അഭിപ്രായം. സംസ്ഥാന ഭരണത്തിനെതിരെയും വിമര്‍ശനമുണ്ടായി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിനെതിരായി.
Post Your Comments