കാളികാവ്: നാട്ടുകാർക്ക് നേരെ പടക്കമേറും വെല്ലുവിളിയും നടത്തിയ ഗുണ്ടാസംഘത്തെ ആക്രമിച്ച് നാട്ടുകാർ. ചോക്കാട് വാളക്കുളത്താണ് വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘം ഒരുവിഭാഗം നാട്ടുകാരുമായി ഏറ്റുമുട്ടിയത്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപം വാളക്കുളത്താണ് സംഭവം.പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് ആദ്യമുണ്ടായത്.
ഇതുകഴിഞ്ഞ് പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയും പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തു. ബുധനാഴ്ച രാത്രി നാട്ടുകാര്‍ സംഘടിച്ച് പ്രതികരിച്ചു. അത് ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘട്ടനത്തില്‍ ഷാഫി, ഉമൈര്‍, ഫായിസ്, ജിഷാന്‍ എന്നിവര്‍ പരിക്കേറ്റു കിടന്നപ്പോള്‍ പോലീസെത്തി നാല് ആംബുലന്‍സ് ഏര്‍പ്പെടുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Post Your Comments