Latest NewsKeralaIndia

മനു തോമസിനെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: പാർട്ടിവിട്ട സിപിഎം നേതാവ് മനു തോമസിനെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. മനു തോമസിന് ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കെതിരേ ബിജെപിയിൽ നിന്ന് പോരാടാമെന്ന് അദ്ദേ​ഹം പറഞ്ഞു. ക്വട്ടേഷൻ സംഘത്തിനെതിരേയുള്ള മനുവിന്റെ പോരാട്ടം ആത്മാർഥമാണെങ്കിൽ ബി.ജെ.പിയിലേക്ക് സ്വാഗതമെന്നും പാർട്ടിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അബ്ദുള്ളക്കുട്ടി പറഞ്ഞു.

വളരെ ഗൗരവമുള്ള വിഷയമാണ് മനു തോമസ് ഉയർത്തുന്നതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങൾക്കു പിന്നിൽ സി.പി.എമ്മിന്റെ കണ്ണൂർ ലോബിയുടെ ചിലരുണ്ട്. കേന്ദ്ര ഏജൻസി അക്കാര്യം അന്വേഷിക്കണം. കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തിന് സി.പി.എമ്മിലെ ഒരു ലോബിയുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. അതുകൊണ്ട് മനു തോമസ് പിണറായി വിജയനും ജയരാജനും കത്തെഴുതിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി സി.പി.എം നേതാക്കൾക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ശനിയാഴ്ച കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം നേതാവായ എം. ഷാജിറിന്റെ സ്വർണക്കടത്ത് ക്വട്ടേഷൻസംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പാർട്ടിക്കകത്ത് പരാതിനൽകിയതിന്റെ പേരിൽ ഒറ്റപ്പെടുകയും പാർട്ടിയിൽനിന്ന് പുറത്താകുകയും ചെയ്ത മുൻ സി.പി.എം. ജില്ലാകമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലുകൾ അങ്ങേയറ്റം ഗൗരവതരമാണ്. മനു തോമസിനെ ഇല്ലാതാക്കുമെന്ന പരസ്യമായ ഭീഷണിയാണ് ആകാശ് തില്ലങ്കേരിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

മനു തോമസിന് പോലീസ് സംരക്ഷണം നൽകണം. അത്‌ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജില്ലയിലെ മുതിർന്ന നേതാവായ പി. ജയരാജനെതിരേ മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തിലെടുക്കണം. ആരോപണവിധേയനായ ആളെയാണ് യുവജന കമ്മിഷൻ ചെയർമാനാക്കിയത്. ക്വട്ടേഷൻസംഘങ്ങളും സ്വർണക്കടത്തുകാരുമൊക്കെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നസ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു.

ക്വാറിമാഫിയയുടെ പിണിയാളുകളെ സി.പി.എം. ഏരിയാ സെക്രട്ടറിമാരാക്കിയതും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് ബിസിനസ് നടത്തുന്നതുമൊക്കെ മനു തോമസ് തുറന്നുപറയുമ്പോൾ കൃത്യമായ മറുപടിനൽകാൻ സി.പി.എം. നേതൃത്വത്തിനു സാധിക്കുന്നില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button