KeralaLatest NewsNews

മകളുടെ കാര്യത്തില്‍ ഇനി ഇടപെടില്ല, പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്

കൊച്ചി: പന്തീരങ്കാവിലെ ഗാര്‍ഹിക പീഡനക്കേസില്‍ മകളുടെയും ഭര്‍ത്താവിന്റെയും കാര്യത്തില്‍ ഇനി ഇടപെടുന്നില്ലെന്നും പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ അവര്‍ക്കു കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഇരയായ യുവതിയുടെ പിതാവ്. മകളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും അതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also; സ്‌കൂളില്‍ എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് വിതരണപരിപാടി, വിവാദം: പരിപാടി മാറ്റി വെച്ചു

‘മകള്‍ക്ക് 26 വയസ്സായി. ആരുടെ കൂടെ, എവിടെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അതില്‍ അഭിപ്രായം പറയുന്നില്ല. നിയമപരമായും എന്റെ അഭിപ്രായത്തിന് സാധുതയില്ല’, പിതാവ് പറഞ്ഞു.

‘മകളുടെ ശരീരത്തില്‍ ആ പാടുകളൊക്കെ നേരിട്ടു കണ്ടതാണ്. ആദ്യം കുളിമുറിയില്‍ വീണതാണ് എന്ന് പറഞ്ഞ മകള്‍ തന്നെയാണ് പിന്നീട് മര്‍ദനമേറ്റതിന്റെയാണെന്ന് പറഞ്ഞത്. ആ പറഞ്ഞതിന്റെയും നേരിട്ട് കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി കൊടുത്തത്’,പിതാവ് വ്യക്തമാക്കി.

മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ മകളെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നാണു താന്‍ പറഞ്ഞതെന്നും എന്നാല്‍ അതിനു തയാറല്ല, തിരിച്ചു ഡല്‍ഹിക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണു മകള്‍ പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി. അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ തീരുമാനിക്കട്ടെ, താന്‍ ഇടപെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും യുവതി നല്‍കിയ സത്യവാങ്മൂലം കൂടി പരിഗണിച്ച് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഭാര്യയുമായി പ്രശ്‌നങ്ങളില്ലെന്നും ഇനി ഒന്നിച്ചു പോകണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിട്ടുണ്ട്. സര്‍ക്കാരിനെ കൂടാതെ പന്തീരാങ്കാവ് എസ്.എച്ച്.ഒ, പരാതിക്കാരി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button