ഇന്ന് അറഫാ സംഗമം: ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുന്നു

ജിദ്ദ: ഇന്ന് അറഫാ സംഗമം. ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകല്‍ മുഴുവന്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്ന തീര്‍ത്ഥാടകര്‍ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും.

Read Also: റെയിന്‍ കോട്ട് ധരിച്ചെത്തി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത് സിപിഎം പ്രവര്‍ത്തകന്‍

ഹജ്ജ് തീര്‍ത്ഥാടകരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്. ഇന്നത്തെ പകല്‍ മുഴുവന്‍ തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിക്കും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ ഭാഗമാകാന്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെ മിനായില്‍ നിന്ന് യാത്ര ആരംഭിച്ചിരുന്നു.

മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് ബസുകളിലും മെട്രോയിലുമായാണ് തീര്‍ത്ഥാടകര്‍ പോകുന്നത്. അറഫയിലെ മസ്ജിദു നമിറയില്‍ ഇന്ന് നടക്കുന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി’ നേതൃത്വം നല്‍കും.

പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബല്‍ റഹ്മ എന്ന മല  തീര്‍ത്ഥാടകരെ കൊണ്ട് നിറയും. മക്കയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ത്ഥാടകരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന തീര്‍ത്ഥാടകര്‍ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്തു കഴിയും. മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചു നാളെ രാവിലെ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തും. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് മിനായിലെ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കുന്നത്.

Share
Leave a Comment