കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഇടത് സോഷ്യൽമീഡിയ പേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, ചെങ്കതിർ തുടങ്ങി ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് എതിരെയാണ് അന്വേഷണം. ഈ പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞത് അന്വേഷണത്തിൻ്റെ ഗതി മനസ്സിലാക്കിയാണെന്നാണ് സൂചന. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് ലീഗ് പ്രവർത്തകൻ ഖാസിം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കേസിൻ്റെ ഗതി നിർണായക വഴിത്തിരിവിലെത്തി. സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ പോരാളി ഷാജി പോലുള്ള സൈബർ പോരാളികളെ തള്ളിപ്പറഞ്ഞതും അന്വേഷണത്തിൻ്റെ ഗതി ബോധ്യപ്പെട്ട ശേഷമാണ്.
സൈബർ ടീമിന്‍റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറെ പ്രതിചേർത്തിട്ടുണ്ട്.
സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് മഹ്സർ തയ്യാറാക്കിയിട്ടുണ്ട്. കെ കെ ലതികയുടെ എഫ്ബി പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പൊലീസിൻ്റെ വാദം. കേസിൽ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Post Your Comments