റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന് നല്‍കിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും വാദിഭാഗത്തിന്റെ അറ്റോര്‍ണി ഗവര്‍ണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിച്ചു. പെരുന്നാള്‍ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയില്‍ എത്തിയതെന്ന് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ അറിയിച്ചു.
ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ മോചനത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു വക്കീലുമാരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടും. തുടര്‍ന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാല്‍ മോചന ഉത്തരവില്‍ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകും. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതികളും റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിനെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ നേരിട്ട് അറിയിക്കുന്നുണ്ട്.
Post Your Comments