തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിന് സമീപം അറപ്പുരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മണിലാൽ(52), ഭാര്യ സ്മിത(45), മകൻ അഭിലാൽ(22) എന്നിവരുടെ മരണത്തിലാണ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിനെതിരെ ആരോപണം ഉയരുന്നത്. കടബാധ്യതയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് സ്മിത ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.
മകന്റെ പഠനാവശ്യത്തിനായി അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്മിത രണ്ടുമാസം മുമ്പ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് തിരുമല സ്വദേശിയായ മണിലാൽ.
ഭാര്യ സ്മിത പനച്ചമൂട് സ്വദേശിയാണ്. അഭിലാൽ പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയിരുന്നു. മണിലാലിന് റിയൽ എസ്റ്റേറ്റ് ബിസിനസിൽ കടബാധ്യതയുണ്ടായി. അതിനിടെ മകന്റെ പഠനാവശ്യത്തിനായി സ്മിത അമരവിളയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുക യഥാസമയം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
സ്ഥാപനത്തിലെ ജീവനക്കാരൻ താൻ ജോലിചെയ്യുന്ന ആലുംമൂട്ടിലെ തുണിക്കടയിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാർച്ച് മാസത്തിൽ സ്മിത നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്ന് സ്മിത എഴുതിയ ആത്മഹത്യാകുറിപ്പിലുമുണ്ട്.
ഞായറാഴ്ച രാത്രി പത്തരയോടെ ജീവനൊടുക്കിയത്. ജീവനൊടുക്കാൻ പോകുന്ന വിവരം വാർഡ് കൗൺസിലറായ കൂട്ടപ്പന മഹേഷിനെയും അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം ഇവരുടെ വീട്ടിലെത്തുമ്പോൾ പുറത്ത് മണിലാൽ കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് തട്ടിക്കളഞ്ഞശേഷം കൂട്ടപ്പന മഹേഷ് വീടിനകത്ത് കയറിനോക്കുമ്പോഴാണ് സ്മിതയെയും മകൻ അഭിലാലിനെയും അവശനിലയിൽ കണ്ടത്. ഇതിനിടെ മണിലാലും വിഷം കഴിച്ച് ബോധരഹിതനായി. തുടർന്ന്, പോലീസിനെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കു ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
Post Your Comments