കോട്ടയം: ചങ്ങനാശ്ശേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി ഇതരസംസ്ഥാന തൊഴിലാളി. യുവതി മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതാണ് വൈരാഗ്യത്തിന് കാരണം. തുരുതുരെ കത്തിയുപയോഗിച്ച് കുത്തിയശേഷം യുവതിയുടെ മുടിയും പിഴുതെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്.
യുവതിയെ ആക്രമിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച അസം സ്വദേശി മധുജ ബറുവ (25) യെ നാട്ടുകാരാണ് സാഹസികമായി പിടികൂടി പോലീസിന് കൈമാറിയത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ചങ്ങനാശേരി നഗരത്തിൽ വാഴൂർ റോഡിലുള്ള ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. സ്റ്റാൻഡിലെ യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും നോക്കിനിൽക്കെയാണ് അസം സ്വദേശിനി മോസിനി ഗോഗോയ്(22) ആക്രമിക്കപ്പെട്ടത്.
എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവയെയെന്ന് പൊലീസ് പറയുന്നു. ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഫാത്തിമാപുരത്ത് മറ്റൊരു അതിഥിത്തൊഴിലാളി യുവാവിനോടൊപ്പം താമസിക്കുകയാണ് യുവതി. നഗരത്തിൽ നിന്നു സാധനങ്ങൾ വാങ്ങിയതിനു ശേഷം താമസസ്ഥലത്തേക്കു പോകാനായാണ് യുവതി ബസ് സ്റ്റാൻഡിലെത്തിയത്.
മധുജ യുവതിയെ പിന്തുടർന്ന് ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യിൽ കരുതിയ കത്തി കൊണ്ട് മധുജ യുവതിയുടെ ശരീരത്തിൽ തുടരെത്തുടരെ കുത്തുകയായിരുന്നു. ഇയാളെ തള്ളിമാറ്റി യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കുത്തിയെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പരുക്കേണ്ട്. യുവതിയുടെ മുടിയും പിഴുതെടുത്തു.
കയ്യിൽ കത്തിയുള്ളതിനാൽ സമീപത്തുണ്ടായിരുന്നവർക്കു തടയാൻ കഴിഞ്ഞില്ല. ഈ സമയം സ്റ്റാൻഡിന്റെ പരിസരത്ത് സംഭവത്തിനു ദൃക്സാക്ഷിയായ ആൾ അക്രമിക്കു നേരെ കല്ലുകൾ വലിച്ചെറിഞ്ഞു. തുടർന്ന് അക്രമി ബസ് സ്റ്റാൻഡിനു സമീപം റോഡിലൂടെ മുനിസിപ്പൽ ആർക്കേഡ് പരിസരത്തേക്ക് കടന്നുകളഞ്ഞു. നാട്ടുകാർ ഇയാളെ പിടികൂടി കീഴ്പ്പെടുത്തി ചങ്ങനാശേരി പൊലീസിനെ ഏൽപ്പിച്ചു.
Post Your Comments