Latest NewsIndia

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺ​ഗ്രസിന് ക്ഷണമില്ലെന്ന് ജയറാം രമേശ്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോൺ​ഗ്രസിന് ക്ഷണമില്ല. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിനെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശാണ് വെളിപ്പെടുത്തിയത്. രാഷ്ട്രീയവും ധാർമികവുമായും തോറ്റ ഒരു വ്യക്തിയുടെ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലവന്മാരെ വരെ ക്ഷണിച്ചിട്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നാണ് കോൺ​ഗ്രസിനെ ഒഴിവാക്കിയിരിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശി തരൂർ, സത്യപ്രതിജ്ഞയ്ക്ക് പകരം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം തത്സമയം കാണുമെന്ന് വ്യക്തമാക്കി. സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവർക്കും ക്ഷണമുണ്ട്.

പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകൾക്കൊപ്പം നയവും അജൻഡയും കടന്നുവരുന്ന വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ വകുപ്പുകളും ബി.ജെ.പി.തന്നെ കൈവശം വെക്കും. സീറ്റുവിഭജനം സംബന്ധിച്ച് മുതിർന്ന ബി.ജെ.പി. നേതാക്കളായ രാജ്‌നാഥ് സിങ്, അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ശനിയാഴ്ചയും സഖ്യകക്ഷികളുമായി ചർച്ചനടത്തി. ടി.ഡി.പി. നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ, ശിവസേനാനേതാവ് ഏക്‌നാഥ് ഷിന്ദേ എന്നിവരുമായാണ് ചർച്ച നടത്തിയത്.

നാല് എംപിമാർക്ക് ഒരു മന്ത്രി എന്ന നിലയിലായിരിക്കും ഘടകകക്ഷികൾക്ക് മന്ത്രി സ്ഥാനം വീതിക്കുകയെന്നാണ് സൂചന. ഇതനുസരിച്ച് 16 അംഗങ്ങളുള്ള ടി.ഡി.പി.ക്ക് നാല് മന്ത്രിസ്ഥാനങ്ങളും 12 അംഗങ്ങളുള്ള ജെ.ഡി.യു.വിന് മൂന്ന് മന്ത്രിസ്ഥാനങ്ങളും ലഭിച്ചേക്കും. ഏഴ് അംഗങ്ങളുള്ള ശിവസേന ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് മന്ത്രിസ്ഥാനം ഉൾപ്പെടെ ഒന്നിലേറെ മന്ത്രിമാരെ ലഭിക്കും. അഞ്ചുമുതൽ എട്ടുവരെ കാബിനറ്റ് മന്ത്രിപദങ്ങൾ ഘടകകക്ഷികൾക്കായി വീതിക്കും. ജെ.ഡി.യു.വിന് രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments


Back to top button