മലപ്പുറം: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ എംഡിഎംഎയുവുമായി വീണ്ടും പിടികൂടി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും രക്ഷപെട്ട പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ വാഹിദ് (29) ആണ് വീണ്ടും പിടിയിലായത്.
മെയ് 22ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായി നടപടികൾ നടക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടത്.ഇപ്പോൾ 15 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പ്രതിയുടെ കൂട്ടാളികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ്, പ്രവന്റീവ് ഓഫിസർമാരായ ദിലീപ്കുമാർ, രജീഷ്, സിവിൽ എക്സൈസ് ഓഫിസർ ശിഹാബുദ്ദീൻ, വനിതാ സിവിൽ ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments