ബെംഗളുരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണ എംപി തിരിച്ചെത്തിയതോടെ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റിലായി. ജർമനിയിൽ നിന്നും ഇന്നു പുലർച്ചെ ഒരുമണിയോടെ ബെംഗളുരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ അന്വേഷണ സംഘം കാത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് പ്രജ്വലിനെ കാത്ത് ബെംഗളുരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നത്.
34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. മ്യൂണികിൽ നിന്ന് പുറപ്പെട്ടത് വൈകിട്ട് 4.30 ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്താണ് ബെംഗളൂരുവിലെത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു.
ആശയക്കുഴപ്പങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ലൈംഗികാതിക്രമക്കേസുകളിലെ പ്രതിയായ എൻ ഡി എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മ്യൂണിക്കിൽ നിന്ന് DLH 764 എന്ന വിമാനത്തിലെ ബിസിനസ് ക്ലാസിൽ ബോർഡ് ചെയ്തെന്ന വിവരം അന്വേഷണസംഘത്തിന് കിട്ടിയത് വൈകിട്ട് 4 മണിയോടെയാണ്.
ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ രണ്ടാം ടെർമിനലിലെത്തിയി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം പ്രജ്വലിൻറെ ജാമ്യാപേക്ഷ നാളെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും.
60 വയസ്സു പിന്നിട്ട വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽനിന്നാണു ലഭിച്ചത്.
ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനാണ് പ്രജ്വൽ. അമ്മ ഭവാനി രേവണ്ണ മുൻ ജില്ലാ പഞ്ചായത്ത് അംഗം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റജിസ്റ്റർ ചെയ്തിരിക്കുന്ന 3 ലൈംഗിക പീഡന കേസുകളിൽ രണ്ടെണ്ണത്തിലും രേവണ്ണയും പ്രതിയാണ്. 1990 ഓഗസ്റ്റ് 5ന് ജനിച്ച പ്രജ്വൽ 17–ാം ലോകസഭയിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ അംഗമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ ജയിച്ചു. പീഡനത്തിനിരയായവർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ ഇന്നലെ ഹാസൻ കലക്ടറേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തി.
Post Your Comments