Latest NewsIndia

ഹിന്ദു-മുസ്ലീം വിവാഹത്തിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സാധുതയില്ലെന്ന് കോടതി,പോലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജിതള്ളി

ന്യൂഡൽഹി: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ഹിന്ദു-മുസ്‌ലിം വിവാഹത്തിന് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാകില്ലെന്ന് കോടതി. മതം മാറാൻ തയ്യാറാകാതെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം കഴിക്കാൻ അനുമതി തേടി ഹിന്ദു യുവതിയും മുസ്ലീം യുവാവും സമർപ്പിച്ച ഹർജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.

പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തെ എതിർക്കുന്ന സാഹചര്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു കമിതാക്കളുടെ ആവശ്യം. എന്നാൽ, ജസ്റ്റിസ് ഗുർപാൽ സിങ് അലുവാലിയയുടെ സിം​ഗിൾ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

പരാതി നൽകിയ യുവതിയോ യുവാവോ മതം മാറാൻ തയ്യാറല്ല. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനും ഇവർക്ക് താത്പര്യമില്ല. ഈ സാഹചര്യത്തിൽ ഇവരുടെ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. നിഷിദ്ധമായ ബന്ധമല്ലെങ്കിൽമാത്രമേ വിവാഹത്തിന് സാധുതയുണ്ടാകൂവെന്ന സ്പെഷ്യൽ മാര്യേജ് ആക്ടിലെ നാലാംവകുപ്പിനെ ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മുസ്‌ലിം പുരുഷന് മുസ്‌ലിം സ്ത്രീയെമാത്രമല്ല, ‘കിതാബി’കളെയും (ക്രിസ്ത്യൻ, ജൂത മതക്കാർ) വിവാഹം കഴിക്കാമെന്ന് വ്യക്തിനിയമം പറയുന്നു. എന്നാൽ, വിഗ്രഹത്തെയോ അഗ്നിയെയോ ആരാധിക്കുന്നവരെ വിവാഹം കഴിച്ചാൽ അതിന് സാധുതയുണ്ടാവില്ല. മുസ്‌ലിം സ്ത്രീക്കാവട്ടെ, വ്യക്തിനിയമപ്രകാരം മുസ്‌ലിം പുരുഷനെമാത്രമേ വിവാഹം കഴിക്കാനാകൂ.

ഇവിടെ പെൺകുട്ടി മതം മാറാൻ തയ്യാറല്ല. അതിനാൽ, ഹിന്ദു പെൺകുട്ടിയുമായുള്ള വിവാഹത്തിന് മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുതയുണ്ടാവില്ല. വ്യക്തിനിയമപ്രകാരം നിഷിദ്ധമായ വിവാഹത്തിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരവും സാധുതയുണ്ടാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മറ്റു രീതിയിൽ നിഷിദ്ധമല്ലാത്ത ബന്ധമാണെങ്കിലേ വിവാഹം സാധ്യമാകൂവെന്ന് സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ നാലാംവകുപ്പിൽ പറയുന്നുണ്ടെന്നും കോടതി പറഞ്ഞു.

shortlink

Post Your Comments


Back to top button