ചങ്ങനാശ്ശേരിയിൽ നടുറോഡിൽവെച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ ബിലാൽ മജീദ് (24), അഫ്സൽ സിയാദ് (22), അരുൺ ദാസ് (25), എന്നിവരാണ് അറസ്റ്റിലായത്.
ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽവെച്ച് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ അരുൺ ദാസ് കടന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 8.45നായിരുന്നു സംഭവം.
കുട്ടിയെ കടന്നുപിടിച്ചതിന് പിന്നാലെ ചോദ്യം ചെയ്ത മാതാപിതാക്കൾക്കുനേരെ പ്രതികളില്‍ ഒരാളായ ബിലാൽ പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്കുനേരെയും അഫ്സൽ സിയാദ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.പ്രതികളുടെ പേരിൽ വേറെയും കേസുകളുണ്ട്.
അരുൺ ദാസിനെതിരെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലും ബിലാലിനെതിരെ ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും അഫ്സലിനെതിരെ തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Post Your Comments