ചങ്ങനാശ്ശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. നായയുടെ മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. നായയെ നാട്ടുകാർ രാവിലെതന്നെ മറവ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അതേസമയം, മുളക്കുളം കാരിക്കോട് നായ്‌ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുന്നപ്പിള്ളി സ്വദേശിനി ശ്രീലക്ഷ്മി സന്തോഷും മറ്റു രണ്ടു പേരും നൽകിയ പരാതിയിലാണ് അന്വേഷണം.
ഐ.പി.സി 429-ാം വകുപ്പനുസരിച്ചാണ് കേസ്. വെള്ളൂർ എസ്.ഐ വിജയപ്രസാദിന്റെ നേതൃത്വത്തിൽ ചത്ത രണ്ട് നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് മുളക്കുളം വെറ്ററിനറി ആശുപത്രിയിലെ ഡോ. വിദ്യാദേവിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്.
Post Your Comments