ബെംഗളൂരു:കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി പട്ടണത്തിലെ പൊലീസ് സ്റ്റേഷന്‍ തകര്‍ത്ത് മതമൗലികവാദികള്‍ . നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ 11 പൊലീസുകാര്‍ക്ക് പരിക്കേറ്റു . ചൂതാട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആദില്‍ എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.
പണം വച്ചുള്ള ചൂതാട്ടത്തിനിടെയാണ് ആദിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ആദില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് ആദിലിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിഷേധവുമായി വലിയ ആള്‍ക്കൂട്ടം തടിച്ച് കൂടുകയും പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെയും ചന്നഗിരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറെയും സസ്പെന്‍ഡ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ ഇത് കസ്റ്റഡി മരണമല്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ കര്‍ണാടകയില്‍ പ്രചാരത്തിലുള്ള വാതുവെപ്പും ലോട്ടറിയും ആയ മത്ക കളിച്ചതിനാണ് ആദിലിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആദിലിനെ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനില്‍ എത്തി 6-7 മിനിറ്റിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദാവന്‍ഗെരെ എസ്പി ഉമാ പ്രശാന്ത് പറഞ്ഞു. ഉടന്‍ തന്നെ ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദിലിന്റെ മാതാപിതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉമാ പ്രശാന്ത് പറഞ്ഞു.
രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി എസ്പി പറഞ്ഞു. മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.പ്രദേശത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നും ചന്നഗിരിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
Post Your Comments