India

‘എന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് അപകീര്‍ത്തിപ്പെടുത്താൻ ആം ആദ്മി ഗൂഢാലോചന’; കെജ്‌രിവാളിനെതിരെ സ്വാതി മലിവാള്‍

ന്യൂഡല്‍ഹി: സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ആം ആദ്മി പാർട്ടിയില്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തനിക്കെതിരെ മോശം പ്രചാരണം നടത്താൻ വിവിധ നേതാക്കള്‍ക്കുമേല്‍ സമ്മർദമുണ്ടെന്നും അവർ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ ആരോപിച്ചു.

‘ഇന്നലെ ഒരു മുതിർന്ന നേതാവ് തന്നെ വിളിച്ചു. സ്വാതിക്കെതിരെ മോശം കാര്യങ്ങള്‍ പറയാൻ എല്ലാവർക്കുംമേല്‍ സമ്മർദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തകർക്കണമെന്നാണ് അവരുടെ ഉദ്ദേശം. തന്നെ പിന്തുണയ്ക്കുന്ന എല്ലാവരേയും പാർട്ടിയില്‍നിന്ന് പുറത്താക്കുമെന്നാണ് പറയുന്നത്’ -എന്നും അവർ എക്സില്‍ കുറിച്ചു.

ചിലർക്ക് വാർത്താസമ്മേളനം വിളിക്കാനുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. മറ്റുചിലർ ട്വീറ്റ് ചെയ്യുന്നു. അമേരിക്കയിലുള്ള പ്രവർത്തകരെ ബന്ധപ്പെട്ട് തനിക്കെതിരെ എന്തെങ്കിലും പുറത്തുകൊണ്ടുവരാനാണ് മറ്റുള്ളവർക്ക് നല്‍കിയ ചുമതല. ആരോപിതനോട് അടുപ്പമുള്ള മാധ്യമപ്രവർത്തകരെ ഉപയോഗിച്ച്‌ തനിക്കെതിരെ ഒളിക്യാമറ ഓപ്പറേഷനും ശ്രമം നടത്തുന്നുണ്ടെന്നും അവർ ആരോപിച്ചു.

‘നിങ്ങള്‍ക്ക് ആയിരം പേരുടെ സൈന്യമുണ്ടാക്കാൻ കഴിഞ്ഞേക്കാം. എന്നാല്‍, അവരെ ഞാൻ തനിച്ച്‌ നേരിടും. കാരണം സത്യം എനിക്കൊപ്പമാണ്’, സ്വാതി അവകാശപ്പെട്ടു.

അവരോട് തനിക്ക് വിദ്വേഷമില്ല. കുറ്റാരോപിതൻ സ്വാധീനമുള്ള ആളാണ്. ഏറ്റവും വലിയ നേതാവിന് പോലും അയാളെ ഭയമാണ്. ആർക്കും അയാള്‍ക്കെതിരെ നിലപാടെടുക്കാൻ ധൈര്യമില്ല. ആരില്‍നിന്നും താനൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരു വനിതാ മന്ത്രി ചിരിച്ചുകൊണ്ട് പഴയ സഹപ്രവർത്തകയുടെ സ്വഭാവത്തെ അപകീർത്തിപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. ആത്മാഭിമാനത്തിന് വേണ്ടിയാണ് ഈ പോരാട്ടം തുടങ്ങിയത്, നീതി ലഭിക്കുന്നതുവരെ അത് തുടരും. ഈ പോരാട്ടത്തില്‍ തീർത്തും ഒറ്റയ്ക്കാണ്, പക്ഷേ പിന്നോട്ടുപോകില്ലെന്നും സ്വാതി മലിവാള്‍ കൂട്ടിച്ചേർത്തു.

അതേസമയം, കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെ ഡല്‍ഹി പോലീസ് മുംബൈയില്‍നിന്ന് തിരിച്ചെത്തിച്ചു. ഐഫോണില്‍നിന്ന് ഡാറ്റ റിക്കവറി ചെയ്യാൻ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. നിലവില്‍ ബിഭവ് അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ ഫോണ്‍, ലാപ്ടോപ്, കെജ്രിവാളിന്റെ വസതിയില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്നിവ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button