മലപ്പുറം: കരുവാരക്കുണ്ട് എയ്ഡഡ് സ്കൂളില്‍ അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. വ്യാജരേഖ ഉണ്ടാക്കി അധ്യാപകര്‍ കൈപറ്റിയ ഒരുകോടി രൂപ സര്‍ക്കാറിലേക്ക് തിരിച്ചടക്കാനും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം അനുവദിച്ച സ്കൂളാണ് ഡിഎന്ഒയുപി. ഈ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട സ്കൂളുകളില്‍ 2003ന് ശേഷം ജോലിയില്‍ പ്രവേശിച്ച നിയമനാ അംഗീകാരം ലഭിക്കാതിരുന്ന അധ്യാപകര്‍ക്ക് 2015 മുതല്‍ അംഗീകാരവും സേവന വേതന ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ദുരുപയോഗം ചെയ്ത് ജോലി ചെയ്യാത്ത കാലയളവില്‍ ജോലി ചെയ്തു എന്ന് വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാരില്‍ നിന്നും അധ്യാപകര്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള വേതനവും അനുകൂലങ്ങളും കൈപ്പറ്റി എന്നാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കണ്ടെത്തല്‍. പ്രധാന അധ്യാപകനും മാനേജ്മെന്റ് ഭാരവാഹികളും ക്രമക്കേടിന് കൂട്ട് നിന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത്, സ്കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്മാന് എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡിഡിഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. എട്ട് വര്‍ഷം കൊണ്ട് മൂന്ന് അധ്യാപകരുമായി കൈപ്പറ്റിയ ഒരു കോടിയോളം രൂപയും അതിന്റെ പിഴപലിശയും സര്‍ക്കാറിലേക്ക് അടക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അന്വേഷണ റിപ്പോര്ട്ടിന്മേല് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകാനാണ് സാധ്യത.
Post Your Comments