ആലുവ: കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ‘ക്യാപ്ടൻ’ എന്നറിയപ്പെടുന്ന കോംഗോ സ്വദേശി ഹംഗാര പോളി (29) നെ ബംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ല പൊലീസാണ് പിടികൂടിയത്. കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരിയുടെ പ്രധാന ഉറവിടം ’ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളിൽ നിന്നാണ്.
രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഹംഗാര പോളി. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഹംഗാര പോൾ 2014ലാണ് സ്റ്റുഡന്റ് വിസയിൽ ബംഗളൂരുവിലെത്തിയത്. പിന്നീട് മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു.
രാസലഹരി നിർമ്മിക്കുന്ന ’കുക്ക്” ആയി വളർന്നു. ഫോൺ വഴി ഹംഗാരയെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി പണം കൊടുത്താൽ മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടുവന്നു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കും. അവിടെപ്പോയി ശേഖരിക്കണം .ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയത്. ദിവസങ്ങളോളം പലയിടത്ത് രാപകൽ തമ്പടിച്ച് നിരീക്ഷിച്ചാണ് പ്രതിയെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പിടിച്ചത്.
ഡിവൈ.എസ്.പി എ. പ്രസാദ്, എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എൻ.എസ്.റോയി, സീനിയർ സി.പി.ഒമാരായ എം.ആർ. മിഥുൻ, കെ.ആർ. മഹേഷ്, സി.പി.ഒമാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെ്യതു.
Post Your Comments