സൈബർ ലോകത്ത് ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതിൽ പലതും അടിസ്ഥാനമില്ലാത്തവയുമാണ്. പല രോഗങ്ങളെയും ഭേദപ്പെടുത്തുന്ന ഒറ്റമൂലുകൾ സംബന്ധിച്ച വീഡിയോകൾ എല്ലാ കാലവും വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ചിലർ ഇതെല്ലാം സത്യമെന്ന് കരുതി പ്രചരിപ്പിക്കുകയും സ്വന്തം ജീവിതത്തിൽ പാലിക്കാൻ ശ്രമിക്കുകയും ചെയ്യും.
അത്തരത്തിൽ ഒരു വ്യാജ വീഡിയോ കണ്ട് ക്യാൻസർ ഭേദമാകാൻ കാരറ്റ് ജ്യൂസ് കുടിച്ച് ആരോഗ്യം കൂടുതൽ പ്രശ്നത്തിലായ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഐറീന സ്റ്റോയ്നോവ എന്ന ബ്രിട്ടീഷ് യുവതിയാണ് ക്യാൻസർ മാറാൻ കാരറ്റ് ജ്യൂസ് കുടിച്ച് അപകടത്തിലായത്.
മുപ്പത്തൊൻപതുകാരിയായ ഐറീന സ്റ്റോയ്നോവക്ക് 2021 -ലാണ് കാൻസറാണെന്ന് കണ്ടെത്തിയത്. ക്യാരറ്റ് ജ്യൂസ് കാൻസറിനെ സുഖപ്പെടുത്തുമെന്ന് ഒരു വൈറൽ വീഡിയോയിൽ ഇവർ കാണുകയായിരുന്നു. അവർ ഉടൻ തന്നെ ഒരു ജ്യൂസർ വാങ്ങുകയും ജ്യൂസ് ഡയറ്റ് ആരംഭിക്കുകയും ചെയ്തു. പലതരം പഴങ്ങളും പച്ചക്കറികളും അവർ ജ്യൂസടിച്ചു കുടിച്ചെങ്കിലും പ്രധാനമായും അവർ കാരറ്റ് ജ്യൂസാണ് കുടിച്ചിരുന്നത്. എന്നാൽ, ഇത് വളരെ വലിയ അപകടത്തിലേക്കാണ് ചെന്നെത്തിയത്.
ഐറിന വൈറൽ വീഡിയോയിൽ കണ്ടതനുസരിച്ച് ഒരു ദിവസം 13 കപ്പ് കാരറ്റ് ജ്യൂസാണ് കുടിച്ചിരുന്നതത്രെ. കീമോതെറാപ്പി വരെ അവഗണിച്ച ശേഷം അവർ പൂർണമായും കാരറ്റ് ജ്യൂസ് ഡയറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് തന്നെ പൂർണമായും സുഖപ്പെടുത്തും എന്ന് വിശ്വസിക്കുകയും ആയിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ അവസ്ഥ വഷളായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്പോഴേക്കും അവളുടെ അടിവയറ്റിലും കാലുകളിലും ശ്വാസകോശത്തിലും ഫ്ലൂയിഡ് നിറഞ്ഞിരുന്നു, ശരീരത്തിലുടനീളം വീക്കവുമുണ്ടായിരുന്നു. തന്റെ അനുഭവത്തെ കുറിച്ച് ഐറീന പറയുന്നത്, തനിക്ക് ഫ്ലൂയിഡ് നിറഞ്ഞ് ശരിക്കും ശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നിരുന്നു എന്നാണ്. എന്തായാലും, ഇത്തരം സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് തനിക്ക് ബോധ്യപ്പെട്ടു എന്നും അവർ പറഞ്ഞു.
Post Your Comments