16000 ത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍,ആനുകൂല്യങ്ങള്‍ക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിമരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് സംസ്ഥാന ധനവകുപ്പ് കണ്ടെത്തേണ്ടത് 9000 കോടി രൂപ. പെന്‍ഷന്‍ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് സ്ഥിരീകരിക്കുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്റ ആദ്യപാദത്തില്‍ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കാത്തതില്‍ കേരളം കേന്ദ്രത്തെ ആശങ്ക അറിയിച്ചു.

Read Also: കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: പ്രതി എന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ ദൃശ്യങ്ങള്‍ ലഭിച്ചു, ആൾ കസ്റ്റഡിയിൽ

ഈ മാസം ആദ്യം മുതല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ അതാത് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് കൂട്ട വിരമിക്കല്‍. 16000 ത്തോളം ജീവനക്കാര്‍ ഈ മാസം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ആനുകൂല്യങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ കണ്ടെത്തേണ്ടത് ഏകദേശം 9000കോടി രൂപയോളമാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സാവകാശത്തില്‍ മാത്രമാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഇതിനിടെ ക്ഷേമപെന്‍ഷന്‍ കൂടി ചേര്‍ന്നാല്‍ പിന്നെയും ആറ് മാസത്തെ കുടിശികയാകും. ഇതടക്കമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാകുന്നത്. ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിലെന്നാണ് ധനവകുപ്പ് വിശദീകരണം.

 

Share
Leave a Comment