തിരുവനന്തപുരം: കരമന കരുമം ഇടഗ്രാമം സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍. 2019-ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നില്‍. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയില്‍ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവര്‍ കൊലപ്പെടുത്തിയത്.
ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബാറില്‍വെച്ച് അഖിലും പ്രതികളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായിരുന്നു. തര്‍ക്കത്തില്‍ അഖിലിനും അക്രമിസംഘത്തിലെ വിനീതിനും പരിക്കേറ്റു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് അക്രമിസംഘം വെള്ളിയാഴ്ച വൈകിട്ട് അഖിലിനെ കൊലപ്പെടുത്തിയത്.
അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചും സിമന്റ് കട്ട ഉപയോഗിച്ച് തല തകര്‍ത്തുമാണ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി യുവാവിന്റെ ദേഹത്തും തലയിലും സിമന്റ് കട്ട എറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ തല പിളര്‍ന്നതായാണ് വിവരം. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികള്‍ റോഡരികില്‍ അഖിലിനെ കണ്ടതോടെ ബാറിലെ തര്‍ക്കത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ തീരുമാനിച്ചെന്നാണ് പ്രാഥമിക നിഗമനം.
തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന കമ്പി വടിയും സിമന്റ് കട്ടകളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. 2019-ല്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരപീഡനത്തിനിരയാക്കിയശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
2019 മാര്‍ച്ചിലായിരുന്നു ഈ സംഭവം. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ദേശീയപാതയ്ക്കരികിലെ കാടുപിടിച്ച സ്ഥലത്ത് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവര്‍ അനന്തുവിനോട് പ്രതികാരംചെയ്യാന്‍ തീരുമാനിച്ചത്. ജന്മദിനാഘോഷത്തിനിടെ അനന്തുവിനെക്കുറിച്ച് ഓര്‍മ വന്നതോടെ അക്രമിസംഘം ഇയാളെ തേടിയിറങ്ങി.
തുടര്‍ന്ന്, റോഡരികിലെ ഒരു ബേക്കറിയില്‍നില്‍ക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവന്‍ അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ല് കൊണ്ടടിക്കുകയും കാലിലെ മാംസം മുറിച്ചുമാറ്റുകയും ചെയ്തു. അനന്തു ജീവന് വേണ്ടി പിടയ്ക്കുമ്പോള്‍ ചുറ്റുംനിന്ന് ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പാടി അട്ടഹസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.
അനന്തുവിന്റെ ഇരുകൈയിലെയും കാലിലെയും രക്തധമനികള്‍ മുറിക്കുകയും തല ഭാരമുള്ള വസ്തുവുപയോഗിച്ച് തകര്‍ക്കുയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് അഖിലിനെയും കൊലപ്പെടുത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവര്‍ എങ്ങനെ ജയിലിന് പുറത്തെത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. 2019-ലെ അനന്തു കൊലക്കേസില്‍ ജാമ്യം ലഭിക്കാതിരിക്കാനായി 90 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയത്. കൊടുംക്രിമിനലുകളായ ഇവര്‍ക്ക് എങ്ങനെ ജാമ്യം ലഭിച്ചുവെന്നത് അജ്ഞാതമാണ്. കിരൺ, അനീഷ്, വിനീത്, സുമേഷ് എന്നിവര്‍ നാലുപേരും 2019-ലെ അനന്തു ഗിരീഷ് കൊലക്കേസിലെ പ്രതികളാണ്. ആ കേസിന്റ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ ജാമ്യത്തിലിറങ്ങിയതാണെന്നും ഡി.സി.പി. വ്യക്തമാക്കി.
Post Your Comments