KeralaLatest News

പൂജാവിധികൾ പഠിച്ച അജ്ഞാതനായ യുവാവ് വീട്ടിലെ സ്ഥിരം സന്ദർശകൻ: മായ മുരളിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയിൽ മായ മുരളിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സൂചന. യുവതിയുടെ കണ്ണിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. മർദനത്തിൻറെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ക്രൂരമായ മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ യുവതിക്കൊപ്പം താമസിച്ചിരുന്ന ആൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മായ മുരളി കഴിഞ്ഞ എട്ടുമാസമായി താമസിച്ചിരുന്നത് ഓട്ടോ ഡ്രൈവറായ ര‍ഞ്ജിത്തിനൊപ്പമായിരുന്നു. ഇയാൾ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയി എന്നാണ് പൊലീസ് പറയുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെ‍ഡൽ ജേതാവായിരുന്നു മായ. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും പത്താം ക്ലാസ് പഠനത്തിനു ശേഷം ബോക്സിങ് കളം ഉപേക്ഷിച്ചു. പിന്നീട് വിവാ​ഹത്തോടെ കുടുംബ ജീവിതവുമായി ഒതുങ്ങി.

എട്ടു വർഷം മുമ്പ് ആദ്യ ഭർത്താവ് മരിച്ചതോടെ മക്കളുമായി ഒറ്റപ്പെട്ട ജീവിതം. ഇതിനിടയിലാണ് മായയുടെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ ര‍ഞ്ജിത്ത് കടന്നു വന്നത്. കഴിഞ്ഞ എട്ടു മാസമായി മുദിയാവിളയിൽ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് മായ മുരളിയെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ രഞ്ജിത്ത് ഒളിവിൽ പോകുകയും ചെയ്തു. കൊലപതാകത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും രഞ്ജിത്തിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ രഞ്ജിത്തിൻറെ ഓട്ടോ ചൂണ്ടുപലകയ്ക്ക് സമീപം ഹോട്ടലിന് പുറകിലെ പുരയിടത്തു നിന്നും പൊലീസ് കണ്ടെത്തി. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. കൊലപാതകമാണെന്ന നിഗമനത്തിലെത്തിയ പൊലീസിൻറെ അന്വേഷണവും രഞ്ജിത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

കൊലപാതകത്തിൽ രഞ്ജിത്തിനൊപ്പം മറ്റൊരാളും ഉണ്ടെന്നും, ഇയാൾ പൂജാ വിധികൾ പഠിച്ച ആളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അജ്ഞാതനായ ഒരാൾ മായ താമസിച്ച വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴിയും നൽകിയിരുന്നു. പേരൂർക്കട ഭാഗത്തുള്ള ആളാകാൻ ആണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാൾക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസിൽ ഇതുവരെയും മറ്റാരെയും പ്രതി ചേർത്തിട്ടില്ല. പോസ്റ്‌മോർട്ടത്തിനു ശേഷം മായയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹാർവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button