പത്തനംതിട്ട: നിക്ഷേപതട്ടിപ്പ് കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിൽ. കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ എൻ എം രാജു.
നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്ന നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. നിക്ഷേപത്തട്ടിപ്പിന് തിരുവല്ല സ്റ്റേഷനിൽ പന്ത്രണ്ടും പുളിക്കീഴ് സ്റ്റേഷനിൽ നാലും കേസുകളുണ്ട്. ഈ കേസുകളിൽ രണ്ട് കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്ന് ഡിവൈ.എസ്.പി. എസ്. അഷാദ് പറഞ്ഞു.
കേരളത്തിൽ പലയിടത്തായി 150 ശാഖകളുള്ള സ്ഥാപനമാണ് നെടുമ്പറമ്പിൽ. മറ്റ് പോലീസ് സ്‌റ്റേഷനുകളിലും നിക്ഷേപത്തട്ടിപ്പിന് പരാതി ലഭിച്ചുതുടങ്ങി. പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ പലവട്ടം തിരുവല്ലയിലെ ഹെഡ് ഓഫീസിലും രാജുവിന്റെ വീട്ടിലും എത്തിയിരുന്നു. വിവിധ തീയതികളിൽ പണം നൽകാമെന്ന ഉറപ്പ് നൽകി ഇവരെ രാജു മടക്കി.
ധനകാര്യ സ്ഥാപനത്തിന്റെ സഹ പാർട്ണർമാരാണ് കുടുംബാംഗങ്ങൾ. ആദ്യഘട്ടത്തിൽ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർക്ക് മധ്യസ്ഥ ചർച്ചയിലൂടെ പണം തിരികെ നൽകിയിരുന്നു. പിന്നീട് കൂടുതൽ പേർ എത്തിയതോടെ പണം നൽകാനാകാത്ത സ്ഥിതിയായി. ധനകാര്യ സ്ഥാപനത്തിന് പുറമേ റിയൽ എസ്റ്റേറ്റ്, ടെക്‌സ്റ്റൈൽസ്, വാഹന ഡീലർഷിപ്പ് തുടങ്ങിയ മേഖലകളിലും എൻ.എം. രാജു നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments