കൊച്ചി: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നത്. സീനിയർ ക്യാബിൻ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് റദ്ദാക്കൽ വിഷയം പരിശോധിക്കുന്നതായി വ്യോമയാന മന്ത്രാലയം വൃത്തങ്ങളും അറിയിച്ചു.
ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട് അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ക്രൂ അംഗങ്ങൾ സിക്ക് ലീവ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയിലായ യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Leave a Comment