തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തിലെ നിര്‍ണായക ദൃശ്യങ്ങളുടെ മെമ്മറി കാര്‍ഡ് നഷ്ടമായ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ ജീവനക്കാരില്‍നിന്നു പോലീസ് മൊഴിയെടുത്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടുള്ള വര്‍ക്ക് ഷോപ്പില്‍ വച്ചാണ് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കാമറകള്‍ സ്ഥാപിച്ചതെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചെങ്കിലും മെമ്മറി കാര്‍ഡ് കാണാതായത് എങ്ങനെയെന്നും ആരാണ് എടുത്ത് മാറ്റിയതെന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കെഎസ്ആര്‍ടിസി ഓഫീസറുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസില്‍ സ്ഥാപിച്ചിരുന്ന മൂന്ന് സിസിടിവി കാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കാനായി പോലീസ് ഡിവിആര്‍ പരിശോധിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടത്.
ഓവര്‍ടേക്കിംഗുമായി ബന്ധപ്പെട്ട് പാളയം യൂണിവേഴ്സ്റ്റി കോളജിന് മുന്നില്‍ വച്ച് മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ട ശേഷം ബസില്‍നിന്നു യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു. ഈ രംഗങ്ങള്‍ എല്ലാം ബസിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ഉപകരിക്കുമെന്നും യദു കെഎസ്ആര്‍ടിസി അധികൃതരെ അറിയിച്ചിരുന്നു.
Post Your Comments