Latest NewsKeralaNews

മകന് എതിരെ കള്ളക്കേസ് എടുത്തെന്ന് അമ്മയുടെ പരാതിയില്‍ എസ്‌ഐയ്ക്കും സിപിഒയ്ക്കും എതിരെ നടപടി

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് കുറ്റം ചുമത്തി യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് യുവാവിന്റെ മാതാവിന്റെ പരാതി. പരാതിയില്‍ കട്ടപ്പന എസ്‌ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഇടുക്കി എസ്.പി എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്.

Read Also: സംസ്ഥാനത്ത് പ്രാദേശികമായുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടില്ല, പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

കേസില്‍ അറസ്റ്റിലായി കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ കഴിയുന്ന പുളിയന്മല സ്വദേശി മടുകോലിപ്പറമ്പില്‍ ആസിഫ് (18)ന്റെ മാതാവ് ഷാമില സാജന്‍ മുഖ്യമന്ത്രിക്ക് അടക്കം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവായത്.

ഏപ്രില്‍ 25 ന് രാത്രിയിലാണ് കള്ളകേസ് ആരോപണത്തിന് കാരണമായ സംഭവം നടന്നത്. വാഹനപരിശോധനയ്ക്കിടെ ബൈക്കുകളില്‍ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ചേര്‍ന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നാണ് കേസ്. എന്നാല്‍ ഈ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കട്ടപ്പന എസ്‌ഐ കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ആസിഫിന്റെ മാതാവ് പരാതിയുമായി രംഗത്ത് വന്നത്. കള്ളകേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനില്‍ എത്തിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വ്യക്തമാകുന്ന ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോണ്‍ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു.

ഇരട്ടയാറില്‍ വച്ച് ബൈക്കില്‍ സഞ്ചരിച്ചപ്പോള്‍ പിന്തുടര്‍ന്ന് വന്നാണ് പൊലീസ് പിടികൂടിയതെന്നും, ഭയന്ന് ബൈക്ക് ഉപേക്ഷിച്ചു ഓടിയപ്പോള്‍ പിന്നാലെ ഓടി വന്ന സിപിഒ മനു നിലത്ത് വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നും സംഭാഷണത്തില്‍ വ്യക്തമാണ്. പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തിന് ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകും വഴി ഡോക്ടറിനോട് മര്‍ദ്ദിച്ച വിവരം പറയരുതെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഇതേ ഫോണ്‍ സംഭാഷണത്തിലുണ്ട്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് എസ്‌ഐയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന കേസില്‍ മറ്റൊരു യുവാവിനെ പിടികൂടിയിരുന്നു. ആ കേസില്‍ കസ്റ്റഡിയില്‍ എടുത്തത് ആസിഫിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ്. അന്ന് മുതല്‍ എസ്‌ഐ സുനേഖിന് തങ്ങളോട് വൈരാഗ്യം ഉണ്ടായിരുന്നതായും ഷാമില പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button