തിരുവനന്തപുരം: തലസ്ഥാന മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി നടുറോഡിലുണ്ടായ വാക്ക്പോരില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യദുവിന്റെ പ്രതികരണം.
മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മേയര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കേസില്‍ അവസാനിച്ചത്.
ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തി. തുടര്‍ന്ന് സൈഡ് നല്‍കാത്തതിനെ മേയര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കമായി. മേയറിനൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് കന്റോണ്‍മെന്റ് പൊലീസില്‍ മേയര്‍ പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments