വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നെന്ന പരാതി സുപ്രീം കോടതിയിലെ കേസിന്റെ ഇടയിൽ ചർച്ചയായി. . കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഇന്നലെ നടന്ന മോക് പോളിങ്ങിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെങ്കിലും താമര ചിഹ്നത്തിന് വേട്ട് ലഭിക്കുന്നു എന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ചതിനെ ചൊല്ലി സുപ്രീം കോടതിയിലും വാദം നടന്നു.
മോക് പോളിനിടെ, കക്ഷികൾക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. എന്നാൽ കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നൽകിയതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ മോക്പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസര്‍ ആരോപിച്ചു. എല്ലാ സ്ഥാനാർഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. അവസാന റൗണ്ടിൽ പ്രശ്നം പരിഹരിച്ചു. വോട്ടിംഗ് മെഷീനിൽ പ്രശ്നങ്ങളില്ലെന്നും പോളിംഗ് ദിവസം ഇത്തരത്തിലുള്ള അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments