Latest NewsIndia

പ്രമേഹം കൂടിയാൽ ജാമ്യം കിട്ടുമെന്ന് കണക്കുകൂട്ടൽ, കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നുവെന്ന് ഇ ഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി. മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന് ഇ.ഡി കോടതിയില്‍ പറയുന്നു. പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി ആരോപിച്ചു. പൂരിയും ഉരുളക്കിഴങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍സള്‍ട്ടേഷനും, നിരന്തരം രക്ത പരിശോധന നടത്തുന്നതിനും അനുമതി തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്. സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ ഈ ആരോപണം ഉന്നയിച്ചത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്‌രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇ.ഡി കോടതിക്ക് കൈമാറി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button