പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നതിന് എതിരെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി സർക്കാർ. വെള്ളിയാഴ്ചയാണ് യാത്രാ നിർദ്ദേശം ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര അരുത്
ഇറാനിലേക്കോ ഇസ്രയേലിലേക്കോ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്ര ചെയ്യരുതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൗരൻമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ ഇറാനിലോ ഇസ്രയേലിലോ ഉള്ളവർ അവിടെയുള്ള ഇന്ത്യൻ എംബസിയുമായി ഉടനെ ബന്ധപ്പെടേണ്ടതും രജിസ്റ്റർ ചെയ്യേണ്ടതുമാണ്. സുരക്ഷാസംബന്ധമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും യാത്രകൾ പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സിറിയയിൽ വ്യോമാക്രമണം നടത്തിയതിന് ഇസ്രയേലിനെ ടെഹ്റാൻ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരികയാണ്.
നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ നയതന്ത്ര കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺഡിർ ജയിസ്വാൾ പറഞ്ഞു. പശ്ചിമേഷ്യയിൽ വർദ്ധിച്ചു വരുന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ഒഴിവാക്കണമെന്നും രാജ്യാന്തര നിയമത്തിന്റെ തത്വങ്ങളും മാനദണ്ഡങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു.
നിലവിൽ ഇസ്രയേലിൽ 18,000 ഇന്ത്യൻ പൗരൻമാർ താമസിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗം ആളുകളും കെയർ ഗിവർമാരും ഐടി പ്രൊഫഷണൽസുമാണ്. അതേസമയം, ഇറാനിൽ 4000 ത്തോളം ഇന്ത്യൻ പൗരൻമാർ താമസിക്കുന്നുണ്ട്. അതിൽ വ്യാപാരികളും പഠനവുമായി ബന്ധപ്പെട്ട് എത്തിയവരുമുണ്ട്. ഇന്ത്യയെ കൂടാതെ ഫ്രാൻസും യുഎസും പൗരൻമാർക്കു യാത്രാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Post Your Comments